എനിക്ക് പേടിയാവുന്നു…

il_340x270.457632598_nqltഎനിക്ക് പേടിയാവുന്നു..

ഉറക്കെ കരയാതെ,

ഉറക്കെയുറക്കെ ചിരിക്കാതെ,

കൂക്കി വിളിക്കാതെ,

കലഹിക്കാതെ,

എതിര്‍ക്കാതെ,

കൂട്ടുകൂടാതെ,

എഴുതാതെ,

വായിക്കാതെ,

കാണാതെ,

കണ്ണടയ്ക്കാതെ,

തുറക്കാതെ,

പറക്കാതെ,

പെയ്യാതെ,

പരക്കാതെ,

ജനിക്കാതെ,

മരിക്കാതെ,

ചുവന്ന ചരടുകളില്‍ കുരുങ്ങി

ഞാനങ്ങില്ലാതാവുമോ എന്ന്..

 

Advertisements

യാത്രകള്‍ വെറും വെറും യാത്രകള്‍

യാത്രകള്‍ യാത്രകള്‍ന്ന്‍ പറയുമ്പോ ഹിമാലയന്‍ യാത്രകളോന്നുമല്ലാ വെറും യാത്രകള്‍ അത്രന്നെ !!!ട്രെയിന്‍ യാത്രകള്‍ ബസ്‌ യാത്രകള്‍ വൈമാനയാത്രകള്‍ കപ്പല്‍ യാത്രകള്‍ കാല്‍നടയാത്രകള്‍ അങ്ങനെ കുറേ കുറേ കൂട്ടങ്ങള്‍ ഇണ്ടല്ലോ, അതിലൊക്കെ പെടുന്നുണ്ടെങ്കിലും അധികം ആരും അത്രകണ്ട് ശ്രദ്ധിക്കാത്ത,എന്ന് വെച്ചാല്‍ യാത്ര പോകണോരു പോലും ചിലപ്പോ ശ്രദ്ധിച്ചില്ലാന്നു വരുന്ന വെറും യാത്രകളെക്കുറിച്ച് തന്നെയാണീ പറഞ്ഞു വരണതേയ്….

അച്ഛന്റെ തള്ളവിരലില്‍ തൂങ്ങിയാടി ആദ്യായിട്ട് പുതിയ യൂണിഫോര്മും (യൂനിഫോമല്ല, ജൂനിഫോംന്നാ പണ്ട് കരുതീരുന്നതേ) ബാഗും നല്ല പുത്യ മണോള്ള പുസ്തകങ്ങളും പലനിറം പുള്ളികള്‍ ഓടിക്കളിക്കണ കുടേം ഒക്കെയായിട്ട് ഒന്നാം ക്ലാസില്‍ പോയതാണ് യാത്രകള്‍ എന്ന് ഓര്‍ക്കുമ്പോ ആദ്യം മനസ്സില്‍ വരണത്. മറ്റ് കുട്ട്യോളൊക്കെ എല്‍കെജീം യുകെജീം ഒക്കെ പഠിച്ചു പാസായി വരുമ്പളാ പാവം ഞാന്‍ ആശാന്‍റെ കളരീല്‍ അ ആ ഇ ഈo ഒക്കെ മാത്രം പഠിച്ചിട്ട് കേറിചെല്ലണത്…കുട്ടിക്കാലായതോണ്ടാവും അന്ന്‍ അതിലൊന്നും ഒട്ടും കുറച്ചില്‍ തോന്നാഞ്ഞത്…. മാത്രല്ല അവിടെ ചെന്ന് കൂട്ടുകാര് കുട്ട്യോളോട് എന്‍റെ പറമ്പിലെ ഞങ്ങള്‍ മീന്‍ വളര്‍ത്തണ കുളോം വല്ല്യ പാറേം പുതുതായിട്ട് വീട്ടില്‍ വന്ന ആട്ടിന്കുട്ടന്മാരേം ഒക്കെ പറ്റി വീമ്പ് പറയണംന്നും ഒക്കെ കരുതി സന്തോഷിക്ക്യാരുന്നു…പിന്നെ ആകെ കൂടെ പേടി ഏട്ടന്‍ പറഞ്ഞുതന്ന ഉസ്കൂള്‍ കഥകളിലെ ഒക്കേം വില്ലനായ മിസ്റ്റര്‍.ചൂരലിനെയായിരുന്നു;ക്ലാസില്‍ മാഷ്ടെ ഡസ്ക്കിന്റെ മുകളില്‍ രാജാവിനെ പോലെ ഞെളിഞ്ഞിരുന്നുo കൊണ്ട് എല്ലാരേം നോക്കിപ്പേടിപ്പിക്കണ ഒരു ഭൂതത്താന്‍…ശെരിക്കും ഒരു ഭൂതത്താന്റെ രൂപം തന്ന്യായിരുന്നു ചൂരലിന് മനസ്സില്‍… ഏതായാലും ഒന്നാം ക്ലാസില്‍ ചെന്ന് കേറിപ്പോ എന്‍റെ ഷീബ ടീച്ചര്‍ടെ കയ്യില്‍ ചൂരലിന് പകരം മിട്ടായിയായിരുന്നു…തേന്‍മിട്ടായി… അന്നും പലതരം വര്‍ണ്ണകടലാസുകളില്‍ പൊതിഞ്ഞ മിട്ടായികളോക്കെണ്ട് പക്ഷെ ടീച്ചര്‍ തന്നത് തേന്‍ മിട്ടായിയാ..അതെന്തോണ്ടാന്നു പിന്നീട് കുറേ ആലോചിച്ചിരുന്നു…ഏതായാലും അന്ന് തൊട്ട് ഞാനും തേന്‍മിട്ടായീം വല്ല്യ കൂട്ടുകാരായി എന്ന് പറഞ്ഞാമതീലോ…പിന്നീടങ്ങോട്ടുള്ള എന്‍റെ പിറന്നാള്കള്‍ക്കൊക്കെ എന്റൊപ്പം ഇണ്ടായിരുന്നു തേന്‍മിട്ടായി !!!! അയ്യോ… ജൂണ്‍മാസായതോണ്ടാവും സ്കൂളിനെപറ്റി പറഞ്ഞു പറഞ്ഞു അങ്ങാകാശോം കടന്നു പോയത്, അപ്പൊ യാത്ര അല്ല വെറും യാത്ര…

അമ്മേടേം അച്ഛന്റേം കയ്യില്‍ തൂങ്ങിയുള്ള യാത്രകള്‍ നിന്നിട്ട് അധികംകാലം ആയിട്ടില്ല …എന്ത് കണ്ടിട്ടാണ്,ഏത് കാലത്താണ് തനിയേ യാത്രചെയ്ത് തുടങ്ങണംന്നു തോന്നിയത്ന്ന്‍ ഓര്‍മ്മയില്ല…അല്ലെങ്കില്‍ ചിലപ്പോ അത് തോന്നിയതന്നെ ആവണംന്നില്ല,അതൊരു ആവശ്യായി വന്നതാവും പിന്നെ പതിയെ അതിനെ അങ്ങട് ഇഷ്ടപ്പെട്ടു വന്നതും…നേരത്തെയൊക്കെ പഠിക്കാന്‍ പോവാന്‍ ബസ്സില്‍ കേറുമ്പോ മുതല്‍ ഫോണ്‍ വിളിയായി, അവളുണ്ടോ അവനുണ്ടോ ,അവരടെ കൂടെ പോകണം എന്നൊക്കെ,അങ്ങനെയിരിക്കണ ഒരീസം തനിയേ ഇങ്ങു പോരേണ്ടി വന്നു…ആദ്യായിട്ട്…!! എന്തും ആദ്യായിട്ട് ചെയ്യുമ്പോ ഉള്ള ഒരു വെപ്രാളംണ്ടല്ലോ… അതായിരുന്നു..സ്വയം സ്റ്റേഷനില്‍ പോയി ടിക്കെറ്റെടുത്ത് രണ്ടു ഘടാഘടിയന്‍ ബാഗുകളും ഒക്കെ തോളില്‍ തൂക്കി ട്രെയിന്‍ വരുന്നതും കാത്ത് നിക്കാ.. ട്രെയിനില്‍ തിരക്കും അതിന്റെ കൂക്കിവിളീം കേട്ടപ്പോ മനസ്സില്‍ കതിനകള്‍ പലത് പൊട്ടി….അന്നാണെങ്കില്‍ സഹായിക്കാനും ആരും ഇല്ലാ…ആര്ടെം മുഖത്ത് നോക്കുമ്പോ എല്ലാരും നമ്മളെ തന്ന്യാണോ ശ്രദ്ധിക്കണേന്നും തോന്നല്‍ !!! തനിചായതോണ്ട് ഭക്ഷണം പോലും കഴിച്ചില്ലാ..അങ്ങനെ ചെറിയ പേടിം അതിനേക്കാള്‍ വലിയ വിശപ്പും ഒക്കെയായി തനിയേ വീട്ടില്‍ ചെന്ന് കേറി…പക്ഷെ അന്നത്തോടെ ഒരു കാര്യം പിടികിട്ടി…നമ്മളെ ഏറ്റവും നന്നായിട്ട് സഹായിക്കാന്‍ നമുക്ക് മാത്രേ പറ്റുള്ളൂന്ന്‍….എപ്പളും നമ്മളെ സഹായിക്കാന്‍ നമ്മളുണ്ടാവുംന്നും.. ആദ്യത്തെ അനുഭവം…തനിച്ചുള്ള യാത്രയുടെ,അതൊരു വല്ലാത്ത സുഖം തന്നെ എന്ന് തോന്നി..അതില്‍ പിന്നെ യാത്ര തനിച്ചാക്കി….

ഇങ്ങനെയുള്ള യാത്രകളാണ് ശെരിക്കും യാത്രകള്‍,ഞാനും ഞാനും പിന്നെ എന്‍റെ ഞാനും,എന്‍റെ ഞാന്‍റെ കെട്ടും ഭാണ്ടോം മാത്രമുള്ള യാത്രകള്‍..തനിച്ചു നടക്കാനും തനിച്ചു ചിന്തിക്കാനും പഠിപ്പിക്കണ യാത്രകള്‍…ഞാനിപ്പോ നേരത്തെ ബസ്‌ കേറി ട്രെയിന്‍ വരണതിനും മുന്‍പേ എത്തും കോഴിക്കോട്ട്,എന്നിട്ട് അവിടെ ചില്ലുകൂട്ടിലിട്ട് വെച്ചിരിക്കണതും അല്ലാത്തതുമായ കാഴ്ചകള്‍ കണ്ടു നടക്കും,എന്ത് രേസാന്നോ,രാത്രി സവാരി മടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന അമ്മാവന്‍ വണ്ടികളും,പുസ്തകശാലകള്‍ക്കകത്തൂന്നു സലാം വെക്കണ പുത്യതും പഴെതുമായ പുസ്തകങ്ങളും,നല്ല ഉള്ളിവടെടെം ഒക്കേം മണോം,….പിന്നെ നമ്മളാരാന്നു പോലും അറിയാതെ ഒരു നിമിഷത്തെ സൗഹൃദം കൊണ്ട് നമ്മളെ നോക്കി ചിരിക്കണോറും…

ട്രെയിനിനെ കുറിച്ചാണെങ്കിലോ,ഇപ്പൊ ട്രെയിന്‍ വന്നു കൂക്കി വിളിക്കണത് കേട്ടാല്‍ പണ്ട് പാടത്ത് കളിക്കാന്‍ പോകണ നേരം കൂടുകാര്‍ വന്നു കൂക്കി വിളിക്കണ മാതിരിയാ,ഒരു പഴയ ചങ്ങതിനെ കാണണ പോലെ ട്രെയിന്‍ കാണുമ്പോ താനേ ഒരു ചിരി വരും…കുറച്ചു കൂടുതല്‍ ട്രെയിന്‍ നിനെക്കുറിച്ചു ചിന്തിച്ചു പോയാല്‍ തോന്നും അടുത്ത ജന്മത്തില്‍ ട്രൈനായാല്‍ മതീന്ന്,എന്തെല്ലാം വഴികള്‍ എന്തെല്ലാം കാഴ്ചകള്‍…ജനാലക്കപ്പുറത്തൂന്ന്‍ ചില വഴികള്‍ നമ്മളെ നടക്കാന്‍ വിളിക്കണത് പോലെ തോന്നും,നടക്കാന്‍ വേണ്ടി മാത്രം ഇണ്ടാക്ക്യ വഴികള്‍…. ഇവിടെ യാത്രകളുടെ ദൂരം നിശ്ചയിക്കണത് പാട്ടുകള്ടെം പുസ്തകങ്ങളുടെം വേഗത്തിലാണ്, വഴികള്‍ ഒരു വഴിയായി പലവഴിയായി അരുവികളായി പുഴകളായി നദികളായി അങ്ങനെയങ്ങനെ…

ഒരുപാട് ബഹളങ്ങള്‍ക്കപ്പുറത്തു നിന്നും നമുക്ക് മാത്രം സ്വന്തമായ ഒരു ആഘോഷത്തിന്‍റെ ബഹളം സ്രിഷ്ടിക്കാനാവും,നമ്മുടെ മാത്രം ഒരു ലോകം അവിടെ നമുക്ക് ചിറകുള്ള മാലാഖമാരാവാം എന്തുമാവാം ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നുമില്ലാണ്ട്,ഞാന്‍ ഞാനായി ജീവിക്കണ യാത്രകള്‍, എന്താപറയ്യാ നമ്മുടെ തന്നെ ഉള്ളിലേക്കുള്ള യാത്രകള്‍…

ഇങ്ങനെയുള്ള യാത്രകളില്‍ എവിടെയെങ്കിലും വെച്ചാവും നമ്മുടെയരികില്‍ ചായകുടിചോണ്ടിരിക്കണോര്ടെ കൂട്ടത്തില്‍ന്ന്‍ നമ്മള്‍ സ്വയം നമ്മെ പരിചയപ്പെടുന്നത്,നമ്മുടെ ഇഷ്ടങ്ങള്‍ നമ്മുടെ ലോകം ഇതെല്ലാം ഒരു മറയും ഇല്ലാണ്ട് പുറത്ത് ചാടണത്…. അതോണ്ട് എല്ലായ്പ്പോഴും ഇല്ലെങ്കിലും എപ്പോളെങ്കിലും ഒക്കെ തനിച്ചു യാത്ര ചെയ്യണത് നല്ലതാണ്,തനിച്ചു യാത്ര ചെയ്യണത് മാത്രമല്ല,അതൊരു യാത്രയാണ് എന്ന് അറിഞ്ഞോണ്ട് അതിന്റെ മുഴുവന്‍ സുഖോം അറിഞ്ഞോണ്ട് യാത്ര ചെയ്യണത്…ഒരുപാട് ദൂരത്തെക്കോ,പേര് കേട്ട കാഴ്ചകള്‍ കാണാനോ ഒന്നും ആവണംന്നില്ല, ചെറിയൊരു കാല്‍നടയായാലും മതി,അത് മണ്ണിലും മനസ്സിലും ചവിട്ടിയാവുമ്പോ,അതാണ്‌ യാത്ര ഒരു വെറും യാത്ര !!!

തുമ്പിക്കഥ

പണ്ട് പണ്ട് ഒന്തുകള്ക്കും  ദിനോസറുകള്ക്കും  ഒക്കേം പണ്ട്… അന്ന് എന്തായിരുന്നു… കുറേ കാലം മുന്പ് വരെ,ഏതോ ക്ലാസില്‍ മാഷ്‌ പഠിപ്പിച്ചു തന്ന ചിത്രം ആയിരുന്നു ഓര്മ്മ  വര്വാ…കുരങ്ങന്മാരില്‍ നിന്ന് മനുഷ്യരിലേക്കുള്ള രൂപമാറ്റവും അങ്ങനെയങ്ങനെ ഭൂമി ഭൂമിയായ കഥകളും…അന്ന് മുതല്ക്കേെ അക്കഥ ഇഷ്ടപ്പെട്ടിരുന്നില്ലാ… അതിനൊരു കാരണംണ്ട്…… മാഷ്‌ ഇത് പഠിപ്പിക്കണത് ഒരു ഉച്ച കഴിഞ്ഞ സമയാണ്,നല്ല ചൂട് കഞ്ഞീം പയറും കഴിച്ച് വയറുനെറച്ചിരിക്കണ നേരം… പുസ്തകത്തിലെ അക്ഷരക്കൂട്ടങ്ങള്ടെ കൂടെ ഓടി നടന്നു മടുത്തപ്പോ ക്ഷീണം മാറ്റാനിരുന്നതാണ് മരച്ചോട്ടില്‍ നോക്കുംമ്പോ ഏതാ മരം ? വളപ്പൊട്ടുകള്‍ നെറയെ കായ്ചിങ്ങനെ നിക്കണ മരം…നിലത്ത് വീണു കിടന്നിരുന്ന വളപ്പൊട്ട്‌കളെല്ലാം പെറുക്കിയെടുത്ത് പോക്കെറ്റില്‍ മറ്റ് ലോട്ട്ലൊടുക്ക് സാമാനങ്ങളോടൊപ്പം ചേര്ത്തു  വെക്കുന്ന തിരക്കിലായിരുന്നു ഞാനപ്പോ…പെട്ടെന്ന്‍ കൈമുട്ടില്‍ എന്തോ കൊണ്ടതിന്റെ ഓര്മ്മിയില്‍ കണ്ണ് തുറന്നുപോയ്..അതാ വളപ്പൊട്ടുകളും ഇല്ലാ മരോം ഇല്ലാ..മുന്നില്‍ മാഷ്‌ടെ കട്ടിക്കണ്ണടക്കകത്തൂന്ന്‍ ഇപ്പൊ പുറത്ത് ചാടുംന്ന മട്ടില്‍ ഇരിക്കണ കണ്ണും പിന്നെ തിക്കി തിരക്കി വരുന്ന കുറേ ചോദ്യങ്ങളും,ചെവിക്ക് കിട്ടിയ നല്ലസ്സലൊരു പിച്ചും…ഇത്രയൊക്കെ പോരേ…ബോര്ഡില്‍ തൂക്കിയിട്ടിരുന്ന വെള്ളത്താടിക്കാരന്റെ ചിരിക്കണോ വേണ്ടയോന്ന് കരുതി അടുക്കള ബള്ബ് പോലെ മങ്ങിക്കത്തണ മുഖം നോക്കീട്ട് കൊഞ്ഞനം കുത്താനാ അന്ന് തോന്നിയേ…ആ  ഒരു വിഷമം ഇത് വരെ മാറീട്ടില്ലാ…പിന്നീട് പുസ്തകങ്ങളെ ഒരേപോലെയുള്ള ബ്രൌണ്‍ പൊതികളില്‍ സൂക്ഷിക്കാന്‍ ശീലിച്ചപ്പോ…പൊടിമണ്ണ് പറ്റാതേം മഴയത്ത് ചേറാക്കാതെം കാല്പാടുകള്‍ ചെരിപ്പിനകത്ത് മാത്രം സൂക്ഷിക്കാന്‍ തുടങ്ങീപ്പോ കുറെയൊക്കെ ദഹിപ്പിക്കാന്‍ തുടങ്ങി ഡാര്വിനേം സിദ്ധാന്തത്തെം,പക്ഷെ ഒറ്റക്കിരുന്ന് മനസ്സില്‍ ആലോചിക്കുമ്പോ വീണ്ടും രണ്ടും രണ്ടു തുലാസിലാവും… അല്ലാ… അപ്പൊ ശെരിക്കും ഞാന്‍ പറഞ്ഞു വന്നത് ഇതല്ലാലോ…. കഥകള്‍ ഇന്ടാക്കിയെടുക്കാന്‍ വല്ല്യ ഇഷ്ടാണേയ്…  ഈ പരിണാമകഥയെക്കാള്‍ നല്ലതൊന്നു അതോണ്ടുതന്നെ ഇന്ടാക്കിയെടുത്തിട്ട്ണ്ട് എനിക്ക് മാത്രം കേള്ക്കാ നായിട്ട്…ഇപ്പൊ അങ്ങനെ വിശ്വസിക്കണതാണ് ഇഷ്ടം !! അയാള്‍ പറഞ്ഞതോക്കേം തെറ്റാണ്..മനുഷ്യന്മാര് ഉണ്ടായത് കുരങ്ങന്മാരില്ന്നില്ല അത് തുമ്പികളില്‍ നിന്നാണ്…ഒന്തുകള്ക്കും  ദിനോസറുകള്ക്കും  മുന്പേപ ഉണ്ടായിരുന്ന കുറേ തുമ്പികളില്‍ നിന്ന്…ഏതോ വേനല്ക്കാലത്ത് അവ പെട്ടെന്ന് മണ്ണില്‍ നിന്നും പൊട്ടി മുളക്കുകയായിരുന്നു…കല്ലെടുക്കാനറിയാവുന്ന പറക്കാനറിയാവുന്ന തുമ്പികള്‍…പല നിറങ്ങളിലെ തുമ്പികള്‍,പല രൂപങ്ങള്‍, ,ഏതോ കാണാത്ത നൂലുകൊണ്ട് എന്തിനോടോ കേട്ടിയിടപ്പെട്ടവ,താങ്ങാവുന്നതിലും വലിയ കല്ലുകള്‍ പെറുക്കിയെടുക്കുന്നവ,ചെറിയ ചെറിയ പൂക്കളില്‍ ചെന്നിരുന്നു സ്വകാര്യം പറയുന്നവ… വളരെ കുറച്ചു മാത്രം കണ്ട് കുറച്ചു മാത്രം ശ്വസിച്ച് അങ്ങനെയങ്ങ് ജീവിക്കുന്നവ,….ഇനിയും ഇതൊന്നുമല്ലാത്ത ഒരു കൂട്ടമുണ്ട്…. ആകാശത്ത് നല്ല വെയിലത്ത് പറന്ന് നടക്കുന്നവ…അവയെ അങ്ങനങ്ങ് പിടിച്ചു കെട്ടാന്‍ പറ്റില്ലാ… വെയിലേറ്റു അവയുടെ ചിറകുകളില്‍ മഴവില്ല് വിരിയുന്നത് കാണാനാണ് ഏറ്റവും ഭംഗി…അങ്ങ് ദൂരെ നിന്ന് അവ എന്തെല്ലാം കാഴ്ചകള്‍ കാണു൦ന്നോ…അവയുടെ ജീവിതം മുഴുവന്‍ ആകാശത്താണ്….നിറങ്ങളെ ഒരുപാടിഷ്ടപ്പെടുന്നവ ഒടുവില്‍ മടുക്കുമ്പോ അവ മണ്ണില്‍ വന്നു വീഴും മഴയ്ക്കൊപ്പം…കളിമണ്ണും വെള്ളവും ഒക്കെ ചേര്ത്ത്  അവ മണ്ണിനുള്ളിലേക്കിറങ്ങും വീണ്ടും പല പല നിറങ്ങളായിട്ട് പുനര്ജനിക്കാന്‍…..ഇപ്പൊ നോക്കൂ മനുഷ്യന്മാര്‍ തുമ്പികളില്‍ നിന്നാല്ലേ ഇണ്ടായെ?? അല്ലെങ്കില്‍ ഇത്രേം നാളായിട്ടും നമ്മളെന്തേ കല്ലെടുക്കാനും വാലില്‍ കെട്ടിയിട്ടിരിക്കണ നൂലിനോട് ചേര്‍ന്നും മാത്രം പറക്കണതും മറന്നില്ല്യാ??
ഞാന്‍ അങ്ങനെ തന്നെ വിശ്വസിക്ക്യാ…നൂലില്‍ കെട്ടിയിട്ട് നില്‍ക്കാനല്ല നല്ല വെയിലത്ത് മഴവരണേന് മുന്‍പേ പറന്ന് പറന്ന് നടക്കണ തുമ്പികളില്ലേ അങ്ങനെ…എനിക്ക് ഒരുപാട് നിറങ്ങളായിട്ട് ഇനീം ജനിക്കണംന്നാ …..!!!
ഇനീം വേറൊരു കാര്യം കൂടീം പറഞ്ഞോട്ടെ,ഇനീം ഞാനിങ്ങനെ ഒരുപാട് നടക്കുമ്പോ  വല്ല്യ വല്ല്യ പാറക്കെട്ടുകളെ എടുത്തുയര്‍ത്തേണ്ടി വരുമ്പോ,എനിക്ക് ധൈര്യായി പറയാം നോക്കു മിസ്റ്റര്‍ പാറക്കൂട്ടമേ…ഈ മണ്ണില്‍ പൊടിഞ്ഞു കിടക്കണ ചെറുകല്ലുകളെയെല്ലാം പെറുക്കിക്കൂട്ടി ഇക്കാണാവുന്ന ലോകം മുഴുവന്‍ പണിയാന്‍ പോന്ന തുമ്പിക്കൂട്ടത്തില്‍ നിന്നുണ്ടായതാണ് ഞാന്‍…അതോണ്ട് ഹക്കൂന മറ്റാറ്റ… എന്ന് !!! നമ്മള്‍ സ്വയം കുഞ്ഞായി തോന്നുമ്പോ നമുക്ക് ചുറ്റുമുള്ള പെരുപ്പിച്ചു കൂട്ടിയ വിഷമങ്ങളും എത്ര കുഞ്ഞായി മാറുംന്ന്‍ നോക്കിക്കേ…!!! തുമ്പികളെക്കുറിച്ച് ഇപ്പൊ ഇത്രമാത്രം ഇനീം പുതിയ അറിവുകളും ചിന്തകളും കിട്ടുമ്പോ  ഇനീം കാണാം…!!!
Image

ഒരു കുട്ടി വായന

കുറേ   കുറേ നാളായിരുന്നു വായനശാലെടെ അവിടെക്കൊക്കെ പോയിട്ട്.ഇവിടത്തെ വായനശാല അത്ര സജീവല്ല.വായിക്കുന്നവരൊക്കെ കുറവാണ്,ഉള്ള കുട്ടികള്‍ക്കൊക്കെ ഇപ്പൊ വീടുകളില്‍ ബാലരമേം ഒക്കെ കിട്ടുന്നുമുണ്ട്…കുറച്ചൂടെ കുട്ടിയായിരുന്നപ്പോ എന്നും പോകുമായിരുന്നു അങ്ങോട്ട്‌,ഇപ്പൊ ഇപ്പൊ പോക്ക് കുറവാ…അങ്ങനെയിരുന്നപ്പോ പെട്ടെന്നൊരു ദിവസം കവിതകള്‍ വായിക്കാന്‍ വല്ല്യ ഇഷ്ടം തോന്നി,പുസ്തകങ്ങള്‍ വാങ്ങി വക്കുന്നതിനേക്കാള്‍ വായനശാലേല്‍ നിന്നും എടുക്കുമ്പോ അതില്‍ നിന്ന് എന്തോ കുറച്ചു കൂടുതലും കൂടെ കിട്ടും എന്നാ വിശ്വാസക്കാരിയാ ഞാന്‍.. ചിലപ്പോ ആ പഴകിയ താളുകള്ടെ ഗുണവും മണവും ആയിരിക്കാം.എന്തായാലുംഅന്ന് തന്നെ പോയി വായനശാലക്ക് .

അവിടെച്ചെന്ന് കവിതകള്‍ എന്ന് പറഞ്ഞപ്പോളുണ്ട്,ഒരു വലിയ തടിയലമാര നെറച്ചും കണ്ണെത്താദൂരത്തോളം പരന്നുകിടന്നു ചിരിക്കുന്ന കുറേ പുസ്തകങ്ങള്‍ !!ഏതു തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിലാ.. അവിടത്തെ മാഷോട് ചോദിച്ചപ്പോ ഒട്ടും സംശയം ഇല്ലാണ്ട് കയ്യിലെടുത്ത് തന്ന പുസ്തകാണ് കുഞ്ഞുണ്ണിക്കവിതകള്‍..ഇത് വായിച്ച് തുടങ്ങാന്‍ പറഞ്ഞു…

കുഞ്ഞുണ്ണി മാഷ്‌ടെ കവിതകള്‍ അവിടെയും ഇവിടെയും ഓരോന്ന് ഓരോരോ ക്ലാസുകളില്‍ പഠിച്ചതും വിശകലനക്കുറിപ്പുകള്‍ എഴുതിയതും ഓര്‍ത്തു.ഏറ്റവും ആദ്യം ഓര്‍മ്മ വന്നത് ഈ വരികളാണ്:

“വായിച്ചാലും വളരും

വായിച്ചില്ലെങ്കിലും വളരും

വായിച്ച് വളര്‍ന്നാല്‍ വിളയും

അല്ലെങ്കില്‍ വളയും “

നല്ല ഓര്‍മയുണ്ട് വായനാവാരത്തിന്റെ പല പല വര്‍ഷങ്ങളിലെ പോസ്റ്ററുകളില്‍ പല പല നിറങ്ങളില്‍ അത് കുറിച്ച് വെച്ചത്, ഇപ്പഴും മനസ്സില്‍ കിടക്കുന്നുമുണ്ട്.പഠിക്കാന്‍ വേണ്ടിയല്ലാതെ മാഷ്‌ടെ കവിതകള്‍ ഇതിനു മുന്‍പ് വായിചിട്ടെയില്ലാ, അത് പക്ഷെ ഒരു വലിയ നഷ്ടമായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു,കൂടെ പുസ്തകം എടുത്തു തന്നതിന് വായനശാലെലെ മാഷിനു ഒരു കൊട്ട നെറച്ചും സ്നേഹവും നന്ദിം പറയട്ടെ…

കുഞ്ഞുണ്ണിക്കവിതകള്‍ വായിക്കാന്‍ എളുപ്പാവും എന്നാണ് കരുതീത്,വാക്കുകള്‍ വളരെ കുറച്ചേയുള്ളൂ,പക്ഷെ അതിനകത്ത് ഒരു നൂറു നൂറു പ്രപഞ്ചം ഉള്കൊള്ളിചിട്ടുണ്ട് മാഷ്‌.അദ്ദേഹത്തിന്റെ തന്നെ വരികളില്‍ പറഞ്ഞാല്‍ “ഓരോ വാക്കും ഓരോ ആകാശമാണ്‌ “ ആകാശം എന്നത് വിശാലതയാണ്… വിശാലമായ വിശാലതയിലും വലിയ വിശാലത,പ്രപഞ്ചത്തിലെ മുഴുവന്‍ ആത്മാക്കളെയും അവയുടെയും ആത്മാക്കളെയും അര്‍ത്ഥങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലത….ആ വിശാലതയുടെ സകല അതിരുകളും വേലികെട്ടിയുറപ്പിച്ചാണ് മാഷ്‌ എഴുതിയത്,ഇനി ഒരു പക്ഷെ അതിനപ്പുറം ഒന്നുമില്ലാ എന്ന് തന്നെ പറയാം..രാഷ്ട്രീയമോ,ജീവിതമോ ,മരണമോ,സ്വപ്നമോ,മോഹമോ,ബാല്യമോ,യൌവനമോ,പ്രണയമോ,ഇതിലില്ലാത്തത് ഒന്നുമില്ല. മഹാഭാരതത്തെ കുറിച്ച് അമ്മ പറഞ്ഞു തന്നതാണ് ഓര്‍മ്മ വരുന്നത് ലോകത്ത് നടക്കുന്നതെല്ലാം ഇതില്‍ നടന്നതാണ്,ഇതില്‍ നടക്കാത്തതൊന്നും ലോകത്തില്‍ നടക്കാനുമില്ല എന്ന്…

മാഷ്‌ക്ക് കുട്ടികളെ ഒരുപാടിഷ്ടമായിരുന്നു എന്ന് കേട്ടിട്ടുണ്ട്,അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോഴെല്ലാം ഒരു കുട്ടിക്കൂട്ടം കൂടെയുണ്ടാവുന്നതും കാണാം,ഒരു പക്ഷെ ചിലപ്പോ ആ കൂട്ടരുടെയെല്ലാം മനസ്സിലെ നിഷ്ക്കളങ്കത മാഷ്‌ തന്‍റെ വരികളിലേക്ക് ആവാഹിച്ചിട്ടുണ്ട് അല്ലെങ്കില്‍

“പൂച്ച നല്ല പൂച്ച

വൃത്തിയുള്ള പൂച്ച

പാല് വെച്ച പാത്രം

വൃത്തിയാക്കി വെച്ചൂ”

“കാക്ക പാറി വന്നൂ

പാറമേലിരുന്നു

കാക്ക പാറിപ്പോയി

പാറ മാത്രമായി ”

എന്നെല്ലാം എഴുതാന്‍ കഴിയുമോ ?

കുട്ടിത്തത്തിന്റെ അങ്ങേത്തലക്കലിരുന്നും മാഷ്‌ താത്വികത യുടെ ഇങ്ങേത്തലക്കലേക്ക് നോക്കുമ്പോള്‍ പിറക്കുന്ന അത്ഭുതങ്ങളാണ്…

“ഒന്നും ഒന്നും ഒന്നല്ലേ

നന്നേ പഠനം മതിയാക്കാം “

എന്നൊക്കെയുള്ള വരികള്‍..

ഏതായാലും പുസ്തകം എടുക്കണേന് മുന്‍പേ മാഷോട് എത്ര ബഹുമാനോം ഇഷ്ടോം ഉണ്ടായിരുന്നോ അത് വളര്‍ന്നു വളര്‍ന്നു വലുതായി പടര്‍ന്നു പന്തലിച്ച് നിറയെ പൂക്കളും ഒക്കെയുള്ള വലിയ മരമായിട്ടുണ്ട് ഇപ്പൊ….

വായിച്ചപ്പോള്‍ എനിക്കിഷ്ടപ്പെട്ട ഒന്ന് രണ്ടു വരികള്‍ കൂടി പറയട്ടെ;

“മണ്ണിന്‍ മനസ്സാണ്

പൂവിന്‍ മന്ദസ്മിതം “

“നീണ്ടവഴി

മഴക്കാല മൂവന്തി

ഞാനേകന്‍ “

“ഒരുതുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം “

ഓര്‍ത്തെടുക്കാനും ഓര്‍മ്മയില്‍ വെക്കാനും ഇനിയും കുറെയുണ്ടായിരുന്നു വരികള്‍

മാഷ്‌ പറഞ്ഞത് പോലെ

“കവിതയെഴുത്ത് കണ്ടുകിട്ടലാണ്

കവിത വായന കണ്ടുപിടുത്തവും “

ഇനിം ഇനിം വായിച്ച് പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തട്ടെ ഞാന്‍…